Monday, October 29, 2007

സ്തുതിപ്പ്

പരിചമുട്ടുകളി ആരംഭിക്കുന്നത് സ്തുതിപ്പോടുകൂടിയാണ്. കളി നടക്കുന്ന പ്രദേശത്തെ പ്രധാനപ്പെട്ട ദേവാലയവും അത് ആരുടെ നാമത്തില്‍ സ്ഥാപിക്കപ്പെട്ടുവോ, ആ നാമവും അനുസ്മരിച്ചുകൊണ്ടാവും സ്തുതിഗീതം പാടുക. ഈ സമയമത്രയും കളിക്കാര്‍ നിലവിളക്കിനു ചുറ്റും വലയം സൃഷ്ടിച്ച് കൂപ്പുകൈകളോടെ നില്ക്കും. കളത്തിലുള്ള മുഴുവനാളുകളും ഒരുമിച്ചുചേര്‍ന്നാവും പാടുക. പല ശബ്ദങ്ങളുണ്ടാവില്ല.

അഞ്ചോ ആറോ വര്‍ഷം കൂടുമ്പോള്‍ മൂന്നുമാസമെങ്കിലും ദൈര്‍ഘ്യമുള്ള കളരിയിട്ട് രണ്ടോ മൂന്നോ ആശാന്മാരുടെ നേതൃത്വത്തിലാവും പുതിയ തലമുറയ്ക്ക് ഈ കല കൈമാറുക. അങ്ങനെ കളി പഠിച്ച കൂട്ടത്തിലുള്ള ഒരുവനാണ് ഞാന്‍. കോട്ടയം ജില്ലയിലെ തിരുവഞ്ചൂരില്‍ കോട്ടമുറി എന്ന സ്ഥലത്താണ് എന്‍റെ വീട്. പേരു സൂചിപ്പിക്കുന്നതുപോലെ അഞ്ച് ഊരുകള്‍ ചേര്‍ന്നതാണ് തിരുവഞ്ചൂര്‍ എന്ന പ്രദേശം. ഇവിടങ്ങളില്‍ ഇപ്പോഴും പള്ളിപ്പെരുന്നാളുകളോടനുബന്ധിച്ചും വിവാഹത്തലേന്ന് കല്യാണവീടുകളിലും പരിചമുട്ടുകളിക്കാറുണ്ട്. കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ചതുപോലെ കളിമുറുകുമ്പോള്‍ കരക്കാര്‍ തമ്മിലുള്ള മത്സരക്കളികളും അരങ്ങേറും.

നമ്മുടെ ഒന്നോ രണ്ടോ വയസ്സിനു താഴെ അടുത്ത തലമുറ നില്‍ക്കുന്നു. അല്ലെങ്കില്‍ അത്ര ചെറിയ പ്രായ വ്യത്യാസത്തില്‍ പോലും തലമുറകളുടെ വിടവ് പ്രകടമാവുന്നു. ഞങ്ങളുടെ തരപ്പടിക്കാര്‍ കളി പഠിച്ച് അരങ്ങേറിയ ശേഷം വളരെ ദീര്‍ഘമായ ഇടവേള വേണ്ടിവന്നു, അടുത്ത തലമുറയ്ക്ക് വേണ്ടി കളരിയൊരുങ്ങാന്‍. ഞങ്ങളേക്കാള്‍ ഏഴോ എട്ടോ വയസ്സിന്‍റെ കുറവുള്ള വിദ്യാര്‍ത്ഥികള്‍. കുട്ടികളുടെ എണ്ണം കുറഞ്ഞതായിരുന്നില്ല, മറിച്ച് അവരുടെ താത്പര്യങ്ങളിലും മുന്‍ഗണനകളിലും വന്ന മാറ്റമായിരുന്നു, ഇതിന് കാരണം. ഇനി അന്നാട്ടില്‍ സമീപകാലത്തൊന്നും ഒരു കളരിയുണ്ടാവുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ.

ഞങ്ങളുടെ ചുറ്റുവട്ടത്തുള്ള പ്രധാന ദേവാലയം മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലാണ്. ഇതു കൂടാതെ തിരുവഞ്ചൂര്‍ ചാണഞ്ചേരി സെന്‍റ് മേരീസ് പള്ളി, തിരുവഞ്ചൂര്‍ കുരിശുപള്ളി, തിരുവഞ്ചൂര്‍ സെന്‍റ് ജോര്‍ജ്ജ് മലങ്കര കത്തോലിക്ക പള്ളി, തോട്ടം പള്ളി തുടങ്ങി മറ്റു ദേവാലയങ്ങളുമുണ്ട്. ഞങ്ങള്‍ കളരിയിട്ടപ്പോള്‍ പഠിച്ച സ്തുതിപ്പ് മണര്‍കാടുപള്ളിയില്‍ വാണരുളുന്ന കന്യാകാ മറിയത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ളതായിരുന്നു.

വളരെ പഴക്കം ചെന്ന ഒരു ദേവാലയമാണത്. ഇന്ത്യയിലെ പ്രധാന മരിയന്‍ തീര്‍ത്ഥാടക കേന്ദ്രമായി ഈയടുത്ത കാലത്ത് സ്ഥാനപ്പെടുത്തല്‍ നടന്ന ദേവാലയം. വിശുദ്ധ ദൈവമാതാവിന്‍റെ സൂനോറോ (അരപ്പട്ട) യുടെ ഒരു ചെറിയ ഭാഗം ഇവിടെ സ്ഥാപിക്കപ്പെട്ടിരുന്നു. ഇവിടുത്തെ എട്ടുനോമ്പുപെരുന്നാള്‍ വളരെയധികം ഭക്തജനങ്ങളെ മതദേശ ഭേദങ്ങള്‍ക്കപ്പുറം ആകര്‍ഷിക്കുന്നുമുണ്ട്. ഹൈന്ദവ ക്ഷേത്രങ്ങളിലെന്ന പോലെ നടതുറക്കല്‍ നടക്കുന്ന ലോകത്തിലെ ഏക ക്രൈസ്തവ ദേവാലയവും ഇതുതന്നെയാവും. എല്ലാവര്‍ഷവും സെപ്തംബര്‍ 7നാണ് ഇവിടെ നടതുറക്കല്‍. അന്നുമുതല്‍ ഒരാഴ്ചക്കാലം ഇവിടെ പ്രധാന ത്രോണോസില്‍ യേശുക്കുഞ്ഞിനെയും ഒക്കത്തിരുത്തി ഒരുകയ്യില്‍ നെല്‍ക്കതിരുമായി നില്‍ക്കുന്ന കന്യകമാതാവിന്‍റെ ചിത്രം തുറക്കപ്പെടും.

എട്ടുനോമ്പു പെരുന്നാളിനോടനുബന്ധിച്ച് എല്ലാവര്‍ഷവും ഇവിടെ പരിചമുട്ടുകളിയും മാര്‍ഗ്ഗംകളിയും അരങ്ങേറാറുണ്ട്. വളരെ വ്യത്യസ്തമാണ് ഈ രണ്ടുകളികളും. മാര്‍ഗ്ഗംകളി പൊതുവില്‍ ഇന്ത്യയുടെ കാവല്‍പ്പിതാവായി ഗണിക്കപ്പെടുന്ന മാര്‍ തോമാ ശ്ലീഹായുടെ അപദാനങ്ങളാണ് വാഴ്ത്തുന്നതെങ്കില്‍ പരിചമുട്ടുകളി അല്‍പ്പം കൂടി തുറന്നതാണ്. വേദപുസ്തകം അടിസ്ഥാനമാക്കിയുള്ള പഴയനിയമത്തിലെയും പുതിയ നിയമത്തിലെയും കഥകള്‍, ചരിത്രസംഭവങ്ങള്‍, തമാശകള്‍ തുടങ്ങിയവയെല്ലാം പരിചമുട്ടുകളിയില്‍ ഇതിവൃത്തമാകും.

ഇവിടെ പകര്‍ത്തുന്നത് ഞങ്ങള്‍ പാടിപ്പഠിച്ച പുകഴ്ത്തുപ്പാട്ടാണ്. അറിവുള്ളവരുടെ പരിഹാസവും തങ്ങളുടെ കുറവുകളും ക്ഷമിച്ച് അനുഗ്രഹിക്കണമെന്ന അപേക്ഷയാണ് അതിലുള്ളത്.


മന്നില്‍ പരിപാവനമാം മണര്‍കാടു പള്ളിതന്നില്‍
വാണരുളും കന്നിയമ്മേ നീ കനിഞ്ഞുകാത്തരുളണേ
നിന്‍ തിരുമലരടിയടിയാര്‍ നിനച്ച നീ തരവിനയമായ്
ചന്തമേറും പരിചകളിക്കൊരുമ്പെടുന്നീ സഭതന്നില്‍
അറിവുള്ളവര്‍ പരിഹസിപ്പതും സഹജമല്ലിതില്‍ വന്നിടും
കുറവശേഷം ക്ഷമിച്ചു ഞങ്ങളെയനുഗ്രഹിക്കണമേവരും
തിരുഹൃദയം തുറന്നു വേണ്ടും വെളിവു ഞങ്ങള്‍.ക്കേകുവാന്‍
കരുണയുള്ളോരുടയവനെ നീ കനിഞ്ഞുകാത്തരുളണേ
തത്തരികിടതിന്തകം താതരികിടതിന്തകം
താതെയ്യത്തക തൊങ്കത്തതിങ്കിണ – തിരുഹൃദയം...

6 comments:

ദിലീപ് വിശ്വനാഥ് said...

അറിവ് പകരുന്ന ഒരു ലേഖനം.

ക്രിസ്‌വിന്‍ said...

നന്നായി വിവരിക്കുന്നല്ലോ..
തുടരൂ..
ആശംസകള്‍

സഹയാത്രികന്‍ said...

പുതിയ അറിവുകള്‍....
നന്നായി.... തുടരുക... ആശംസകള്‍
:)

SunilKumar Elamkulam Muthukurussi said...

ഒരു മറുപടിയുണ്ട്‌ സെബിന്‍, മലയാളം ഡി.ടി.പി യില്‍.http://malayalam-dtp.blogspot.com/2007/11/blog-post.html

മാണിക്യം said...

മാര്‍ഗംകളിയും പരിചമുട്ടുകളിയും
അന്യം നിന്ന് പോകാതെ കാക്കണം.
ലേഖനം നന്നായി സാധിക്കുമെങ്കില്‍
ഒരു വീഡിയോ അപ്‌ലോഡ് ചെയ്യാന്‍ പറ്റുമോ എന്ന് നോക്ക് ഇന്ന് യുവജനോത്സവത്തിലും മറ്റും മാര്‍ഗം കള്ളി ഒരു ഐറ്റം ആണെന്ന് തോന്നുന്നു.

Sapna Anu B.George said...

നന്നായിട്ടുണ്ട് കേട്ടോ